പുതിയ ഓൺലൈൻ തട്ടിപ്പ് മുന്നറിയിപ്പ് നൽകി മന്ദ്രാലയം

68

ദോഹ: ഖത്തറിൽ ഭൂരിപക്ഷം ഇലക്ട്രോണിക് തട്ടിപ്പ് കോളുകളും ലോക്കൽ നമ്പറുകളിൽ നിന്നാണ് വിളിക്കുന്നതെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അത് ഇന്റർനെറ്റ് കോളുകളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് ക്രൈംസ് വിഭാഗത്തിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വിഭാഗം ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ഐ.ബി കാൾ എന്ന ഇൻറർനെറ്റ് വഴിയാണ് തട്ടിപ്പുകാർ ഖത്തറിൽ തന്നെയുള്ള ലോക്കൽ ഫോണിൽ നിന്നുള്ള കോളാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. സാധാരണ ഖത്തർ നമ്പർ കാണിക്കുന്നതിനാൽ തട്ടിപ്പിനിരയാകാൻ സാധ്യത കൂടുതലാണെന്നും അതീവ ജാഗ്രത വേണമെന്നും ഫസ്റ്റ് ലെഫ്റ്റനന്റ് സൗദ് ഖാലിദ് ജാസിം മുന്നറിയിപ്പ് നൽകി.

ഇൻറർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും തട്ടിപ്പുകാർ ഇരകളെ കുടുക്കാനും അവരുടെ പണവും അക്കൗണ്ടുകളും പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന പല ലിങ്കുകളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയും ഒടിപി ലഭിക്കുകയും ചെയ്‌താൽ, ഉടൻ തന്നെ തങ്ങളുടെ ബാങ്കിന്റെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും ഇതുവഴി പണം ട്രാൻസ്ഫർ തടയാൻ ബാങ്കിന് സാധിക്കുമെന്നും ഇത്തരത്തിൽ രാജ്യത്തെ നിരവധി തട്ടിപ്പുകൾ തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നിരവധി അന്താരാഷ്ട്ര ചാനലുകളിലൂടെ കടന്നുപോകുന്നതിനാൽ പണം രാജ്യത്തിന് പുറത്തുപോയാൽ തിരിച്ചു എടുക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും, ഇതിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.