ദോഹ: രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് നിർമിത ബുദ്ധിയുടെ (എ.ഐ) സേവനം സംബന്ധിച്ച് മാർഗരേഖയുമായി ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ മൂന്നാം സാമ്പത്തിക സ്ട്രാറ്റജിയുടെയും ഫിൻടെക് സ്ട്രാറ്റജിയുടെയും ഭാഗമായാണ് നൂതന സാങ്കേതിക വിദ്യയായ എ.ഐയുടെ ഉപയോഗം സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകിയത്.
ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യമാക്കാനും ചെലവ് കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും നിർമിത ബുദ്ധിയിലെ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏതെല്ലാം മേഖലകളിൽ എങ്ങനെയെല്ലാം നിർമിത ബുദ്ധി ഉപയോഗപ്പെടുത്താമെന്ന് മാർഗരേഖ വ്യക്തമാക്കുന്നുണ്ട്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഖത്തർ സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ എ.ഐ മാർഗ നിർദേശങ്ങൾ. നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഉന്നത നിലവാരം പുലർത്താനും കഴിയുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് പറഞ്ഞു.