ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വമ്പിച്ച വർദ്ധനവ്

43

ദോഹ ∙ ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തറിലെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 2.6 കോടി യാത്രക്കാരാണ് ഹമദ് വിമാനത്താവളം ഉപയാഗപെടുത്തിയത് . 2023 ല്‍ ഈ കാലയളവിലെ കണക്കനുസരിച്ച് 25 ശതമാനം കൂടുതലാണിത്. എയര്‍ ക്രാഫ്റ്റ് മൂവ്മെന്റില്‍ 19 ശതമാനവും കാര്‍ഗോ കൈകാര്യം ചെയ്യുന്നതില്‍ 12 ശതമാനവും ഗണ്യമായ വര്‍ധനയുണ്ട്.

പുതിയ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങിയത് യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായിടുണ്ട്. ജപ്പാന്‍ എയര്‍ലൈന്‍സ്, ഗരുഡ ഇന്തോനേഷ്യ, ചൈന സതേണ്‍ എയര്‍ലൈന്‍സ്, ആകാശ എയര്‍ എന്നീ നാല് വിമാനക്കമ്പനികള്‍ ഈ വര്‍ഷം ഹമദ് വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന ഏഷ്യൻ വിപണികളിൽ ഖത്തർ എയർവേയ്‌സ് അതിന്റെ ശേഷി കൂടുതൽ വിപുലീകരിച്ചിരുന്നു. കൂടാതെ കംബോഡിയ, മധ്യേഷ്യ, മറ്റ് ഏഷ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിക്കുകയും ചെയ്തിരുന്നു.മിഡിലീസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസില്‍ 45 ശതമാനത്തിലധികം വർധിച്ചപ്പോൾ യൂറോപ്പ്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് 32.8 ശതമാനത്തിന്റെയും വര്‍ധനയുണ്ട്.

കൂടാതെ എളുപ്പം ഖത്തറിൽ എത്താൻ സാധിക്കുന്ന എ വൺ വീസ നടപ്പിലാക്കിയതും ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായി പറയപ്പെടുന്നു .ഒപ്പം കുടുംബ വീസകൾ അനുവദിക്കുന്നതിലും ചില ഇളവുകൾ കൊണ്ട് വന്നതും മാറ്റത്തിനു കാരണമായി.