ദോഹ: പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ആയ ഗ്യാസ് എക്സ്പോർട്ടിങ് കൺട്രീസ് ഫോറത്തിലെ (ജി.ഇ.സി.എഫ്) ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാജ്യമെന്ന പദവിയിൽ ഖത്തർ സ്ഥാനം നേടി. ജൂലൈ മാസത്തിലെ റിപ്പോർട്ടിലാണ് ആഗോളാടിസ്ഥാനത്തിൽ എൽ.എൻ.ജി കയറ്റുമതിക്കാരിലെ ആദ്യ മൂന്നിൽ ഖത്തർ ഇടം പിടിച്ചത്.
ദോഹ ആസ്ഥാനമായുള്ള ജി.ഇ.സി.എഫ് റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതിക്കാരായി അമേരിക്ക, ഖത്തർ, ആസ്ട്രേലിയ രാജ്യങ്ങലാണ് മുൻപന്തിയിൽ ഉള്ളത്. അമേരിക്കയും ആസ്ട്രേലിയയും ജി.ഇ.സി.എഫിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളാണ് . 2024 ജൂലൈ മാസത്തിൽ ആഗോള തലത്തിലെ എൽ.എൻ.ജി കയറ്റുമതി 1.1 ശതമാനം വർധിച്ച് 33.36 ദശലക്ഷം ടണ്ണിലെത്തിയതായി റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചു.
പ്രതിമാസ റിപ്പോർട്ട് പ്രകാരം ജി.ഇ.സി.എഫ് ഇതര രാജ്യങ്ങളിൽനിന്നുള്ള ഉയർന്ന എൽ.എൻ.ജി കയറ്റുമതിയും എൽ.എൻ.ജി റീ എക്സ്പോർട്ടിലെ വർധനവും ഇതിന് ഇടയായി .കൂടാതെ ഫോറത്തിലെ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിലെ കുറവ് നികത്താനും ഇതിലൂടെ രാജ്യത്തിന് സാധിച്ചു.