ഖത്തർ ടോയ് ഫെസ്റ്റിവലിന് പ്രൗഡോജ്ജലമായ തുടക്കം

86

ദോഹ, ഖത്തർ: വേനൽ അവധിക്കാല പരിപാടികളുടെ ഭാഗമായി വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പ് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ഡിഇസിസി) ആരംഭിച്ചു.

വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ പരേഡുകൾ, വിവിധ തരം സ്റ്റേജ് ഷോകൾ, ലൈവ് മാസ്‌കറ്റുകൾ, പ്ലേ ഏരിയകൾ, സ്വാധീനം ചെലുത്തുന്നവരുടെ പ്രകടനങ്ങൾ എന്നിവ ആഗസ്റ്റ് 14 വരെ ഉണ്ടാകും. 17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ 10 സോണുകളിലായി സന്ദർശകർക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും.

ഞായർ മുതൽ ബുധൻ വരെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്ത് മണിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ടു മുതൽ രാത്രി 11 മണി വരെയും നീണ്ടുനിൽക്കും. കഴിഞ്ഞ വർഷം മുതൽ വേനൽ അവധിക്കാല പരിപാടിയുടെ ഭാഗമായി ആരംഭിച്ച പരിപാടിക്ക് കുട്ടികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബാർബി, ഡിസ്‌നി പ്രിൻസസ്, സ്റ്റോറി ബോട്ട്‌സ്, റേസർ, മിസ്റ്റർ മെൻ, ലിറ്റിൽ മിസ്, ടീൻ ടൈറ്റൻസ്, ഹോട്ട് വീൽസ്, സ്‌ക്രാബിൾ, ഡാർട്ട് സോൺ, സ്ട്രോബെറി ഷോർട്ട്‌കേക്ക്, ഡബ്ല്യുഡബ്ല്യുഇ, മാർവൽ, എൽഒഎൽ, ആംഗ്രി ബേർഡ്‌സ് തുടങ്ങി 50-ലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് രണ്ടാം പതിപ്പിൽ അവതരിപ്പിക്കുന്നത്.

അഞ്ച് റീട്ടെയിലർമാരും 53 മാസ്കോട്ടുകളും ഇതിൽ ഉൾപ്പെടുന്നു. 19-ലധികം സ്റ്റേജ് ഷോകളിൽ മ്യൂസിക്കൽ ഷോകളും സയൻസ് ഷോകളും, ഡാൻസ് ഷോകളും, മത്സരങ്ങളും, റാഷ റിസ്ഗ്, അദ്‌നാൻ ഫാമിലി, തർഫാൻ ഫാമിലി, ഫൗസി മൂസി, ബ്ലിപ്പി, മസാക്ക കിഡ്‌സ് തുടങ്ങിയ സ്വാധീനമുള്ളവരുടെ പ്രകടനങ്ങളും ഉണ്ടാകും.

ടിക്കറ്റുകൾ Q-Tickets.com, virginmegastore.com എന്നിവയിൽ ഓൺലൈനായി അല്ലെങ്കിൽ വേദിയിൽ നേരിട്ട് വാങ്ങാം.