ദോഹ: കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വിധത്തിൽ മലിന ജലം സംസ്കരിച്ച് ശേഖരിച്ചു വെക്കാനുള്ള അഷ്ഗാലിന്റെ ഡിലൈൻ പമ്പിങ് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുന്നതായി അധികൃതർ .ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റിൽനിന്നുള്ള സംസ്കരിച്ച മലിനജലം നുഐജ ഏരിയയിലെ സീസണൽ സ്റ്റോറേജ് ലഗൂണുകളിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോൾ പൂർത്തിയാകുന്നത് .
ജലസ്രോതസ്സുകളുടെ കാര്യക്ഷമവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായി സംസ്കരിച്ച മലിനജലം ഉപയോഗപ്പെടുത്തുന്നതിനും മുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ് വർക്ക് പദ്ധതി വിഭാഗത്തിലെ ട്രീറ്റ്മെന്റ് പ്ലാന്റ്, ട്രീറ്റഡ് വാട്ടർ നെറ്റ്വർക്ക് സെക്ഷൻ തലവൻ എൻജി. അബ്ദുറഹ്മാൻ മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.2030ഓടെ ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പദ്ധതിയിലൂടെ സംസ്കരിച്ച മലിനജലത്തിന്റെ 100 ശതമാനം പുനരുപയോഗമാണ് ലക്ഷ്യമെന്നും അൽ സുലൈത്തി കൂട്ടിച്ചേർത്തു.പദ്ധതിയിലൂടെ ഏകദേശം 22.5 ദശലക്ഷം ക്യൂബിക് മീറ്റർ ജലം പമ്പ് ചെയ്യുന്നതിനോടപ്പം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്കരിച്ച മലിനജലം പുനരുപയോഗിക്കുന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അഷ്ഗാൽ മുന്നോട്ട് നീങ്ങുന്നത്അദ്ദേഹം വ്യക്തമാക്കി.
ഭൂഗർഭ ജലത്തിന്റെ ഉപയോഗം കുറക്കാനും ശൈത്യകാലങ്ങളിൽ മിച്ചമുള്ള ജലം സംഭരിച്ച് സംസ്കരിച്ച മലിനജലത്തിന്റെ കമ്മിയും മിച്ചവും സന്തുലിതമാക്കാനും ഇതിലൂടെ വേനലിൽ കൂടുതൽ ജലസേചനം നടത്താനും .വേനലിൽ ഗദീർ ഫീഡ് ഫാമുകൾക്ക് ജലം നൽകാനും ഡി-ലൈൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും േപ്രാജക്ട് മാനേജർ വലീദ് അൽ ഗൗൽ പറഞ്ഞു.65 കിലോമീറ്റർ നീളമുള്ള ടി.എസ്.ഇ ട്രാൻസ്മിഷൻ പൈപ്പ്ലൈൻ കൂടി ഉൾപ്പെടുന്നതാണ് ടി.എസ്.ഇ പമ്പിങ് സ്റ്റേഷൻ ആൻഡ് ട്രാൻസ്മിഷൻ മെയിൻ പദ്ധതി(ഡി-ലൈൻ) ,ഭൂമിക്കടിയിൽ ഏകദേശം 2.5 മീറ്റർ മുതൽ 5.5 മീറ്റർ വരെ ആഴത്തിലാണ് പൈപ്പ് ലൈൻ കടന്നു പോകുന്നത് .നിലവിലുള്ള ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റ് വർക്കുകളിൽനിന്നാരംഭിച്ച് സൽവ റോഡിന്റെ പ്രധാന സർവീസ് റൂട്ടിലാണ് ഇത് . റഖിയ ഫാമുകളിലൂടെയും പരിസര പ്രദേശങ്ങളിലൂടെയുമായി സംസ്കരിച്ച മലിനജലം സംഭരിക്കുന്ന ടി.എസ്.ഇ സ്റ്റോറേജ് ലഗൂണുകൾ വരെ ഇത് എത്തുന്നതാണ് .