ദോഹ: തൊഴിലാളി റിക്രൂട്ട്മെന്റും, സ്വദേശികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കലും ഉൾപ്പെടെ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിന്റെ അടിസ്ഥാനത്തിൽ എട്ട് റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം .
മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നതിലും പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിലും ഇവ പരാജയപ്പെട്ടതായി മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പറഞ്ഞു.
റീജൻസി മാൻപവർ റിക്രൂട്ട്മെന്റ്, മഹദ് മാൻപവർ കമ്പനി, യുനൈറ്റഡ് ടെക്നികൽ സർവിസ്, അൽ ജാബിർ മാൻപവർ സർവിസ്, എല്ലോറ മാൻപവർ റിക്രൂട്ട്മെന്റ്, ഗൾഫ് ഏഷ്യ റിക്രൂട്ട്മെന്റ്, സവാഹിൽ അൽ അറേബ്യ മാൻപവർ, റിലയന്റ് മാൻ പവർ റിക്രൂട്ട്മെന്റ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുടമകൾക്ക് മന്ത്രാലയം ഹോട്ട് ലൈൻ നമ്പറായ 16505ൽ പരാതി നൽകാമെന്ന് അധികൃതർ വീണ്ടും ജനങ്ങളെ ഓർമിപ്പിച്ചു.