ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശി പൗരന്മാർക്ക് ജോലി ഉറപ്പാക്കാനുള്ള നിർദേശം നിയമംമൂലം പ്രാബല്യത്തിലാകുമ്പോൾ തിരിച്ചടിയേൽക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിസമൂഹത്തിന്. അമീർ അംഗീകാരം നൽകിയ 2024ലെ 12ാം നമ്പർ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം തികയുമ്പോൾ പ്രാബല്യത്തിൽ ആകും.
ഇതോടെ തൊഴിൽ മന്ത്രാലയം നിർദേശിക്കപ്പെടുന്ന സ്ഥാപനങ്ങളിലും കമ്പനികളിലും വിവിധ തസ്തികകളിലെ ജോലികൾ സ്വദേശികൾക്കായി മാറ്റിനിർത്തപ്പെടും. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിപ്പ് വരും. ഖത്തറിൽ തൊഴിൽ തേടിയെത്തിയ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് തന്നെയാകും ഏറ്റവും വലിയ തിരിച്ചടിയാവുക.
എട്ടരലക്ഷം ഇന്ത്യക്കാരാണ് ഏറ്റവും ഒടുവിലെ കണക്കുപ്രകാരം ഖത്തറിലുള്ളത്. മലയാളികളാണ് അതിൽ നാലര ലക്ഷത്തോളം പേർ. ഏറെയും സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവർ. സ്വദേശിവത്കരണം സ്വാഭാവികമായും കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഉന്നത തസ്തികകളിലേക്കും തദ്ദേശീയർ തിരഞ്ഞെടുക്കപ്പെടുമ്പോൾ വിദേശികൾക്ക് തൊഴിൽ നഷ്ടമായി മാറും.