ദോഹ : ദോഹയിൽ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത് യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി മുരുഗേശ(51) നാണ് പ്രത്യേക ജഡ്ജി സരസ്വതി കെഎൻ ചൊവ്വാഴ്ച കേസിൽ വിധി പ്രഖ്യാപിച്ചത്.
2023 ജൂൺ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത് .ദോഹയിൽ നിന്ന് രാവിലെ ബംഗളൂരുവിലേക്കുള്ള വിമാനത്തിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശൻ കുട്ടിയെ ഉപദ്രവിച്ചു എന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) പോലീസിൽ പരാതി നൽകുകയായിരുന്നു.മദ്യലഹരിയിൽ ആയിരുന്ന മുരുകേശൻ ഭക്ഷണം നൽകാനെന്ന പേരിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നു.
മുരുകേശൻ്റെ പെരുമാറ്റത്തെ പെൺകുട്ടിയുടെ അമ്മ എതിർക്കുകയും എന്നാൽ ഇയാൾ നൽകുന്ന ഭക്ഷണം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.ഇയാൾ തന്നെ സ്പർശിക്കുകയായിരുന്നെന്ന് പെൺകുട്ടി പറയുകയും വിഷയം കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെ കുട്ടിയെ മറ്റൊരു സീറ്റിലേക്ക് മാറ്റുകയും ചെയ്തു.വിമാനം ബംഗളുരു വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇയാളെ പോലീസിന് കൈമാറിയതായി പബ്ലിക് പ്രോസിക്യൂട്ടർ ചന്ദ്രകല പറഞ്ഞു.പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.വീഡിയോ കോൺഫറൻസിങ് വഴിയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ബെംഗളൂരു സെൻട്രൽ ജയിലിൽ രണ്ട് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.