രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം. ശരീരത്തിൽ നേരിട് ചൂടേൽക്കുന്നത് ദോഷകരമാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായെത്തി ജോലിയിൽ പ്രവേശിച്ചവർക്കും അവധി കഴിഞ്ഞ് മടങ്ങിയെത്തിയവർക്കും കനത്ത ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശേഷി വളർത്തിയെടുക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണം. കൂടാതെ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം. കടുത്ത വെയിലിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഉടൻ തന്നെ 999 നമ്പറിൽ ബന്ധപ്പെടണം. പെരുമാറ്റത്തിലെ അസാധാരണത്വം, സംസാരം അവ്യക്തമാവൽ, തളർച്ച, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആംബുലൻസ് സേവനം തേടണം. കടുത്ത തലവേദന, ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കാതെ പോകരുത്. വ്യക്തിയെ തണലിലേക്ക് മാറ്റുകയും ഫാൻ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും തണുത്ത വെള്ളമോ ഐസോ ഉപയോഗിച്ചും ശരീരം തണുപ്പിക്കാൻ ശ്രദ്ധിക്കുകയും വേണം. മോഹാലസ്യം, കഠിനമായ വിയർപ്പ്, ചർമത്തിലെ വരൾച്ച, ദാഹം, മൂത്രത്തിന്റെ അളവ് കുറയുക എന്നീ സാഹചര്യങ്ങളിൽ നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.