വ്യാജ സർട്ടിഫിക്കറ്റ് : ആരോഗ്യമേഖലയിൽ ജോലിക്കായി കാത്തിരുന്ന 83 പേരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി ഖത്തർ ആരോഗ്യ മന്ദ്രാലയം

119

ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിൽ ജോലിക്കു കാത്തിരിക്കുന്ന ആരോഗ്യ വിദഗ്ധർക്കിടയിൽ നടത്തിയ സർട്ടിഫിക്കറ്റ് പരിശോധനയിൽ, 2022 ലും 2023 ലും പ്രാക്ടീസ് ചെയ്യാൻ വേണ്ടി ലൈസൻസ് നേടുന്നതിന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകൾ സമർപ്പിച്ച 83 വ്യക്തികളെ കണ്ടെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യക്തികൾക്ക് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് ഈ ലംഘനങ്ങൾ കണ്ടെതിയതിനാൽ അവരെ ബ്ലാക്ക്ലിസ്റ്റിൽ പെടുതുകയും ഖത്തറിൻ്റെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തു. തൊഴിൽ മേഖല , വർഷങ്ങളുടെ പരിചയം, അല്ലെങ്കിൽ പ്രൊഫഷണലായ സ്ഥാപനത്തിൻ്റെ വിവരം , കാറ്റഗറി എന്നിങ്ങനെയുള്ള അനുഭവ രേഖകളിൽ കൃത്രിമം കാണിക്കുന്നതാണ് വഞ്ചനാപരമായ ശ്രമങ്ങളിൽ ഭൂരിഭാഗവും ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ പ്രൊഫഷൻസ് വിഭാഗം ഡയറക്ടർ ഡോ സാദ് അൽ കാബി വിശദീകരിച്ചു. കൂടാതെ, വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളിൽ നിന്നുള്ള അക്കാദമിക് യോഗ്യതകളിൽ കൃത്രിമം കാണിച്ച സംഭവങ്ങളും യോഗ്യതാ പരീക്ഷകളിൽ (പ്രോമെട്രിക്) തെറ്റിദ്ധരിപ്പിക്കുന്ന ഫലങ്ങളും ഉണ്ടായിട്ടുണ്ട്.

ഡോക്‌ടർമാർ, നഴ്‌സുമാർ, അനുബന്ധ ആരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളും സ്പെഷ്യലൈസേഷനുകളും ലംഘനങ്ങളിൽ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ പരിപാലന വിദഗ്ധരുടെ പ്രശസ്തിക്ക് തുരങ്കം വയ്ക്കുന്നതും തൊഴിലിൻ്റെ ധാർമ്മിക മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ പെരുമാറ്റം അന്വേഷിക്കുമ്പോൾ നീതി, വസ്തുനിഷ്ഠത, സുതാര്യത എന്നിവയിൽ വേരൂന്നിയ ഒരു ഏകീകൃത രീതിയാണ് മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ഡോ അൽ കാബി ഊന്നിപ്പറഞ്ഞു.
പ്രാക്ടീഷണർമാർക്ക് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ സർട്ടിഫിക്കറ്റുകൾ നൽകുന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ ഉൾപ്പെട്ട ഒരു ബ്ലാക്ക്ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ നൽകുന്ന ഒരു സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതല്ല.തെറ്റായ അനുഭവ രേഖകൾ നൽകിയ എല്ലാ സ്ഥാപനങ്ങളും ഖത്തറിന് പുറത്താണെന്നും ഡോ അൽ കാബി ചൂണ്ടിക്കാട്ടി.

രാജ്യത്ത് നൽകുന്ന ആരോഗ്യ സേവനങ്ങളിൽ ഗുണനിലവാരത്തിലും സുരക്ഷയിലും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.