ദോഹ: 2030ഓടെ രാജ്യത്തെ പൊതുഗതാഗ മേഖലയുടെ വൈദ്യുതീകരണം പൂർത്തിയാക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് എന്ന നിലയിൽ പൊതുഗതാഗത മേഖലയുടെ വൈദ്യുതീകരണം സജീവമായി പുരോഗമിക്കുന്നതായി മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് ആൻഡ് പോളിസി വിഭാഗം മേധാവി നജ്ല അൽ ജാബിർ ഖത്തർ അറിയിച്ചു.
ഖത്തർ 2030 വിഷന്റെ ഭാഗമായി ഗതാഗത രംഗത്തെ ആഗോള മുന്നേറ്റങ്ങളിലെ പ്രവണതകൾക്കനുസരിച്ച് അത്യാധുനിക ഗതാഗത ശൃംഖല ഖത്തറിൽ വികസിപ്പിക്കുകയെന്നത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തും. ഇന്ധന വാഹനങ്ങൾക്കുള്ള വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് സമാനമായ ഒരു സർട്ടിഫിക്കേഷൻ സെന്റർ ഇലക്ട്രിക് വാഹനങ്ങൾക്കായി സ്ഥാപിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം പഠനം നടത്തും.
ഖത്തർ ആഗോള ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് 2023 കണക്കു പ്രകാരം ഒമ്പതാം സ്ഥാനത്തായിരുന്നു . അടുത്തിടെ ഓട്ടോണമസ് ഇ മൊബിലിറ്റി ഫോറത്തിന് വേദിയൊരുക്കിയ ഖത്തർ ഇതു സംബന്ധിച്ച് നൂതന ചർച്ചകൾക്കും വിദഗ്ധരുടെ സംഗമത്തിനും അവസരം ഒരുക്കി ഇരുന്നു .വൈദ്യുത വാഹനങ്ങൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിക്കാനുള്ള പഠനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട് . ഹരിതവും മികച്ചതുമായ ഗതാഗത സംവിധാനം വികസിപ്പിക്കുകയും ഗതാഗത മേഖലയിൽ സീറോ എമിഷൻ ലക്ഷ്യം നേടുകയും ചെയ്യുക എന്നതാണ് ഖത്തറിന്റെ ലക്ഷ്യം.