ദോഹ: ഖത്തർ എയർവേസ് വിമാനത്തിനുള്ളിൽനിന്നും യാത്രക്കാരുടെ ബാഗേജുകൾ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്ന തരത്തിൽ യൂറോപ്പിലെ വിമാനത്താവളത്തിൽ നിന്നുള്ള വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി ഖത്തർ എയർവേസ്.
മടക്കയാത്രക്ക് വിമാനം തയാറാക്കുന്നതിന് നേരത്തേ വിമാനത്തിനുള്ളിൽ ഉപയോഗിച്ച വസ്തുക്കൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളതെന്നും അത് യാത്രക്കാരുടെ ബാഗേജ് അല്ലെന്നും ഖത്തർ എയർവേസ് അറിയിച്ചു.
യാത്രക്കാരുടെയും അവരുടെ വസ്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, ഖത്തർ എയർവേസ് പ്രതിബദ്ധരാണെന്ന് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.