ചൂട് കൂടുന്നു, ജാ​ഗ്രതാ നിർദേശവുമായി ഖത്തർ ആരോ​ഗ്യ മന്ത്രാലയം

108

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഖത്തർ ആ​രോ​ഗ്യ മന്ത്രാലയം. ശരീരത്തിൽ നേരിട് ചൂടേൽക്കുന്നത് ദോഷകരമാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായെത്തി ജോലിയിൽ പ്രവേശിച്ചവർക്കും അവധി കഴിഞ്ഞ് മടങ്ങിയെത്തിയവർക്കും കനത്ത ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശേഷി വളർത്തിയെടുക്കാൻ തൊഴിലുടമകൾ ശ്രദ്ധിക്കണം. കൂടാതെ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം. കടുത്ത വെയിലിൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായാൽ ഉടൻ തന്നെ 999 നമ്പറിൽ ബന്ധപ്പെടണം. പെ​രു​മാ​റ്റ​ത്തി​ലെ അ​സാ​ധാ​ര​ണ​ത്വം, സം​സാ​രം അ​വ്യ​ക്ത​മാ​വ​ൽ, ത​ള​ർ​ച്ച, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ കണ്ടാൽ ഉടൻ തന്നെ ആംബുലൻസ് സേവനം തേടണം. ക​ടു​ത്ത ത​ല​വേ​ദ​ന, ഓ​ക്കാ​നം, ക​ടു​ത്ത ക്ഷീ​ണം തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കാതെ പോകരുത്. വ്യക്തിയെ തണലിലേക്ക് മാറ്റുകയും ഫാ​ൻ ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​തു​പ​യോ​ഗി​ച്ചും ത​ണു​ത്ത വെ​ള്ള​മോ ഐ​സോ ഉ​പ​യോ​ഗി​ച്ചും ശ​രീ​രം ത​ണു​പ്പി​ക്കാൻ ശ്രദ്ധിക്കുകയും വേണം. മോ​ഹാ​ല​സ്യം, ക​ഠി​ന​മാ​യ വി​യ​ർ​പ്പ്, ച​ർ​മ​ത്തി​ലെ വ​ര​ൾ​ച്ച, ദാ​ഹം, മൂ​ത്ര​ത്തി​ന്റെ അ​ള​വ് കു​റ​യു​ക എ​ന്നീ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​ന്നാ​യി വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉറപ്പാക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശം നൽകി.