സ്വപ്നങ്ങളുമായി ഖത്തറിൽ; പ്രതീക്ഷകൾ പൊലിഞ്ഞു, എല്ലാം നഷ്ടപ്പെട്ട് വെറും കയ്യോടെ നാട്ടിലേക്ക്

153

ദോഹ∙ ഖത്തറിലെത്തി തൊഴിൽ വീസ തട്ടിപ്പിൽ കുടുങ്ങിയ 12 തമിഴ്നാട് സ്വദേശികൾ വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങി. ഗൾഫ് എന്ന സ്വപ്നം കണ്ട് ഉള്ളതെല്ലാം വിറ്റു പണം സ്വരുക്കൂട്ടി ഖത്തറിലെത്തിയ ഇവർക്ക് ലഭിച്ചത് നിരാശയായിരുന്നു. ബുധനാഴ്ച പുലർച്ചെ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ചെന്നൈയിലെത്തിയ ഇവരെ തൊഴിൽ വീസ നൽകുമെന്ന വാഗ്ദാനത്തിലാണ് ജൂൺ രണ്ടാം വാരം ഖത്തറിലെത്തിച്ചത്.

എന്നാൽ ഇവർ ഖത്തറിൽ എത്തിയത് സന്ദർശക വീസയിലായിരുന്നു. ഇതിനു പിന്നിൽ തമിഴ്നാട് തിരുനൽവേലി സ്വദേശിയായ സുമൻ പോൾ ദുരൈയാണെന്നാണ് ആരോപണം. തിരുനൽവേലി, മധുര, പോണ്ടിച്ചേരി സ്വദേശികളായ ഇവർ തങ്ങളെ സുമൻ പോൾ ദുരൈ വഞ്ചിച്ചെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതിനു മുൻപ് ആറു പേർ കൂടി ഇത്തരത്തിൽ വഞ്ചിതരായി തിരിച്ചെത്തിയിരുന്നു. ഈ വീസ തട്ടിപ്പിനെ കുറിച്ച് മനോരമ ഓൺലൈൻ നേരത്തെ വാർത്ത നൽകിയിരുന്നു. മൂന്നര ലക്ഷം രൂപ വരെ വീസയ്ക്കു നൽകി ഖത്തറിലെത്തി ഹോട്ടലിൽ കഴിയുന്നതിനിടെ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുകയും ഖത്തറിലെ തമിഴ്നാട്ടുകാരുടെ കൂട്ടായ്മയായ തമിഴർ സംഘം വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്തു . തുടർന്ന് എംബസിയും തമിഴർ സംഘം നടത്തിയ ഇടപെടലിനെ തുടർന്ന് തമിഴ്നാട് സർക്കാറിനു കീഴിലെ പ്രവാസി ക്ഷേമ വിഭാഗമായ നോൺ റസിഡന്‍റ് തമിൽസ് (എൻ.ആർ.ടി) ഇവർക്ക് തിരിച്ചുള്ള യാത്ര ടിക്കറ്റ് നൽകി. ഇവർ നൽകിയ വിമാനടിക്കറ്റിലാണ് 12 പേർ ബുധനാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങിയത്.

എ.വൺ വീസയുടെ കാലാവധി പൂർത്തിയായതിനാൽ പിഴയോടെയാണ് ഇവർ രാജ്യം വിട്ടത്. അതുകൊണ്ടു തന്നെ ആ പിഴ സംഖ്യ അടക്കുന്നതുവരെ ഇവർക്ക് ഖത്തറിൽ പ്രവേശിക്കാൻ ഇനി സാധ്യമല്ല. ഒരോ അധിക ദിവസത്തിനും 200 റിയാൽ എന്ന നിലയിൽ ചിലർച്ച് 2400 റിയാൽ വരെ പിഴയുണ്ട്. 12 പേർക്കുമായി വൻ തുകയാണ് പിഴ ഒടുക്കേണ്ടതെന്ന് വിഷയത്തിൽ സജീവമായി ഇടപെട്ട ഖത്തർ തമിഴർ സംഘം പ്രസിഡന്‍റ് മണി ഭാരതി പറഞ്ഞു.എന്നാൽ, ഇത്രയും തുക ഇല്ലാത്തതിനാൽ പിഴ നൽകാതെ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തട്ടിപ്പിനിരയായവരിൽ വീസ കാലാവധി കഴിയാത്ത ആറു പേർ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവർക്കും എൻ.ആർ.ടി തന്നെയാണ് മടക്ക ടിക്കറ്റ് നൽകിയത്. 20 ദിവസത്തോളമായി ഖത്തർ തമിഴർ സംഘം നേതൃത്വത്തിലാണ് ഇവർക്ക് ഭക്ഷണം നൽകിയതും, നാട്ടിലേക്കുള്ള മടക്ക യാത്രക്ക് സാഹചര്യമൊരുക്കിയതും. നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് സുമൻ പോൾ ദുരൈ നാട്ടിൽ നിന്നും ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നു. കുറച്ചു കൂടി സമയം നൽകിയാൽ ഇതുവരെ ചെലവായ പൈസ കഴിച്ച് സാധ്യമാകുന്ന പണം തിരിച്ചു നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. എന്നാൽ ഇത് മറ്റൊരു തട്ടിപ്പായി മാറുമെന്ന് മനസ്സിലാക്കിയ ഇവർ വീസ വാഗ്ദാനം ചെയ്ത സുമൻ പോൾ ദുരൈക്കും ഇയാളുടെ സഹായിയായി പ്രവർത്തിച്ച സയിദ് ആസാദ് ഹഷീറിനും എതിരെ ഖത്തറിലെ ഇന്ത്യൻ എംബസി വഴി തമിഴ്നാട് ഡി.ജി.പിക്ക് പരാതിനൽകിയാണ് നാട്ടിലേക്ക് മടങ്ങിയത്.

നിധീഷ്, സി. കബിൽ, എം. ദയാപരിയൻ, ബാല രതീഷ്, ടി അശോക്, കമലേഷ്, രാജൻ, തൗഫീഖ് എന്നിവർ സംയുക്തമായാണ് അംബാസഡർ വഴി പരാതി നൽകിയത്. നാട്ടിലെത്തി ശേഷം, പണം തിരികെ വാങ്ങുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്നും സംഘം പറഞ്ഞു. ഏറെ പ്രതീക്ഷയോടെ തൊഴിൽ തേടി ദോഹയിലെത്തിയ ഈ സംഘം വളരെ നിരാശയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.