ദോഹ: ആകാശയാത്രയിൽ സ്വർഗീയ അനുഭൂതിയുമായി വീണ്ടും ഖത്തർ എയർവേസ് വരുന്നു . സാങ്കേതിക തികവിലും അത്യാധുനിക സൗകര്യങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള ക്യൂ സ്യൂട്ടുമായി ഖത്തർ എയർവേസ് വീണ്ടും യാത്രക്കാരെ അതിശയിപ്പിക്കുന്നത്.
ആകർഷകമായ രൂപകൽപന മുതൽ സുഖകരമായ ഇരിപ്പിടം, ലൈറ്റിങ് ഉൾപ്പെടെ ഹൃദ്യമായ അന്തരീക്ഷം, വിശാലമായ ഡബ്ൾ ബെഡ്, സുരക്ഷിതമായ ഡ്രോയർ, സഹയാത്രികർക്കൊപ്പം മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കാനാവുന്ന തീൻമേശ തുടങ്ങി ഏറെ പുതുമകളോടെയാണ് വ്യോമയാന യാത്രയിലെ ശ്രദ്ധേയമായ പുതിയ സ്യൂട്ട് ഖത്തർ എയർവേസ് ബ്രിട്ടനിലെ ഫാൻബറോ അന്താരാഷ്ട്ര എയർഷോയിൽ അവതരിപ്പിച്ചത് .
ക്യുസ്യൂട്ട് നെക്സ്റ്റ് ജെനറേഷന് വ്യോമ ഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അന്താരാഷ്ട്ര എയർഷോയുടെ ആദ്യ ദിനത്തിൽ നടന്ന ചടങ്ങിൽ ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ ആണ് ‘ക്യൂ സ്യൂട്ട് നെക്സ്റ്റ് ജെൻ’ പുറത്തിറക്കിയത്. ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതി, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഫാലിഹ് അൽ ഹാജിരി എന്നിവർ സന്നിഹിതരായിരുന്നു
മികച്ച ബിസിനസ് ക്ലാസിനുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയ ഖത്തർ എയർവേസ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിക്കുന്നതെന്ന് ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നാലുപേർക്ക് ഒന്നിച്ച് യാത്രചെയ്യാവുന്ന കസ്റ്റമൈസ്ഡ് ക്വാഡ് സ്യൂട്ട്സ്,കിടക്കയാക്കി മാറ്റാന്‍ സാധിക്കുന്ന സീറ്റുകള്‍, വയർലെസ് ചാർജിങ് സൗകര്യം , ഫോർ കെ എൽ.ഇ.ഡി മൂവബിള്‍ സ്ക്രീന്‍, വിശാലമായ ഇരിപ്പിടം, എന്നിവ ക്യൂ സ്യൂട്ട് നെക്സ്റ്റ് ജെനറേഷന്റെ പ്രത്യേകതകളാണ്.യാത്രക്കാരുടെ സ്വകാര്യതക്കൊപ്പം, ഏറ്റവും മികച്ച സാങ്കേതിക, ഡിജിറ്റൽ സൗകര്യങ്ങളും ഖത്തർ എയർവേസ് നെക്റ്റ്ജെൻ ക്യൂ സ്യൂട്ടിലൂടെ യാത്രക്കാർക്ക് ഒരുക്കി നൽകുന്നു .
ബോയിങ് ബി 777 -9 എന്ന ഖത്തർ എയർവേസിന്റെ വിമാനങ്ങളിലാണ് ക്യൂ സ്യൂട്ട് ആദ്യം ലഭ്യമാകുക.അന്താരാഷ്ട്ര എയർഷോയിൽ ഖത്തർ എയർവേസിന്റെ ബോയിങ് ബി 787-9 ഡ്രീംലൈനർ, ഖത്തർ എക്സിക്യൂട്ടിവിന്റെ ഗൾഫ് സ്ട്രീം ജി700 വിമാനങ്ങളും അവതരിപ്പിക്കുന്നുണ്ട്.ലോകത്തെ പ്രധാന എയര്‍ഷോകളിലൊന്നായ ഫാന്‍ബറോ എയര്ഷോ ഈ മാസം 26 വരെ തുടരും.