ദോഹ: ഖത്തറിലെ ആഭ്യന്തര സുരക്ഷാരംഗത്തെ ശ്രദ്ധേയ പ്രദർശനമായ മിലിപോൾ ഖത്തറിന്റെ 15ാമത് എഡിഷനിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 222 പ്രദർശകരും 11000ലധികം സന്ദർശകരും പങ്കെടുക്കും.ഒക്ടോബർ 29 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ സുരക്ഷാ തന്ത്രങ്ങൾ, അടിയന്തര പ്രതികരണ ഉപകരണങ്ങൾ ,ആശയവിനിമയ സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിക്കും. 2022ൽ ലോകകപ്പിന് മുന്നോടിയായി നടന്ന മിലിപോൾ പ്രദർശനത്തിനിടെ 592 ദശലക്ഷം റിയാൽ മൂല്യമുള്ള കരാറുകളാണ് നടന്നത്.ലോകത്തിലെ പ്രമുഖ കമ്പനികളെല്ലാം മിലിപോൾ ഖത്തറിൽ പങ്കെടുക്കുമ്പോൾ ബ്രീച്ച് ആൻഡ് അറ്റാക്ക് സിമുലേഷനിലും സൈബർ ഡിഫൻസ് മൂല്യനിർണയത്തിലും യൂറോപ്പിലെ മുൻനിര കമ്പനിയായ ബ്ലാക്ക് നോയ്സ് ഇത്തവണ പ്രദർശനത്തിനെത്തും.മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക എന്നീ മേഖലകളിൽ സുപ്രധാനമായ ഡയറക്ട് ടു ഹോം ടെലിവിഷൻ സേവനങ്ങളും ടെലികമ്യൂണിക്കേഷൻ സേവനങ്ങളും നൽകുന്നതിൽ ഈ ഉപഗ്രഹങ്ങൾ വഹിക്കുന്ന പങ്ക് വഹിക്കുന്ന ഖത്തറിന്റെ ആദ്യ ഉപഗ്രഹ ഓപറേറ്ററായ സുഹൈൽ സാറ്റിന്റെ ഒന്ന്, രണ്ട് വാർത്താവിനിമയ ഉപഗ്രഹങ്ങൾ ആദ്യമായി പ്രദർശിപ്പിക്കും.