ദോഹ: ഖത്തറിന്റെ ഒളിമ്പിക്സ് മെഡൽ ജേതാവ് മുഅതസ് ബർഷിമിനെ ആദരിച്ചു വിസിറ്റ് ഖത്തർ. പാരിസ് ഒളിമ്പിക്സ് ഹൈജംപിൽ വെങ്കലം നേടിയ ബർഷിം നിലവിൽ വിസിറ്റ് ഖത്തറിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്.
ടോക്യോ ഒളിമ്പിക്സിൽ സ്വർണവും, റിയോയിലും ലണ്ടൻ ഒളിമ്പിക്സിലും വെള്ളിമെഡലും നേടിയ ബർഷിം തുടർച്ചയായ നാലാം ഒളിമ്പിക്സിലാണ് മെഡൽ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി, വിസിറ്റ് ഖത്തർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ എൻജി. അബ്ദുൽ അസീസ് അലി അൽ മൗലവി എന്നിവർ താരത്തെ ആദരിച്ചു. ഖത്തർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ രാജ്യത്തെ വിവിധ ടൂറിസം പരിപാടികളുടെ പ്രചാരകൻ കൂടിയാണ് നിലവിൽ ബർഷിം.