ദോഹ : മയക്കുമരുന്നും മറ്റു ജീവൻരക്ഷാ മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ഖത്തർ ഇന്ത്യൻ എംബസിയും ,ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ സംബന്ധിച്ച ഖത്തർ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഇന്ത്യയിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരും ഓൺലൈൻ വഴിയും ഖത്തറിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും അപ്പെക്സ് ബോഡി ഭാരവാഹികളും മാധ്യമപ്രവർത്തകരും നിയമവിദഗ്ധരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
ലഹരിക്കടത്തു കേസുകളിൽ ഖത്തറിലെ ജയിലുകളിലായി തടവുശിക്ഷ അനുഭവിക്കുന്നത് നൂറിലേറെ ഇന്ത്യക്കാരാണെന്നും ഇവരിൽ 12ഓളം പേർ വനിതകളാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചു. നിരോധിത മയക്കുമരുന്നിനൊപ്പം, നിയന്ത്രിത സൈക്കോ ആക്റ്റീവ്, സൈക്കോട്രോപിക് മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നവർ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ വിശദീകരിച്ചു.
മയക്കുമരുന്നോ മറ്റെന്തെങ്കിലും നിരോധിത മരുന്നുകളോ യാത്രയിൽ കൈവശം സൂക്ഷിച്ചതിന് ഖത്തറിൽ ജയിൽ ശിക്ഷ നേരിടേണ്ടി വന്ന കേസുകൾ ഐഷ് സിംഗാൾ വിശദീകരിച്ചു.ചില കേസുകളിൽ, ഖത്തറിലേക്ക് വരുമ്പോൾ ഏജന്റുമാർ കൈമാറിയ പാക്കറ്റുകളാണ് ജയിൽ ശിക്ഷയ്ക്ക് കാരണമായതെന്നും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടവർ നിരപരാധികളാണോ അറിഞ്ഞുകൊണ്ട് കരിയർമാരായതാണോ എന്ന് കണ്ടെത്തേണ്ടത് ഖത്തറിലെ നിയമസംവിധാനമാണെന്നും ഇക്കാര്യത്തിൽ എംബസിക്കോ മറ്റുള്ളവർക്കോ ഒരു സഹായവും ചെയ്യാൻ കഴിയില്ലെന്നും അംബാസഡർ വിപുൽ വിശദീകരിച്ചു.ഐ. സി.ബി.എഫിന്റെയും ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ പ്രതികളാക്കപ്പെട്ടവർക്ക് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു .
നാട്ടിൽ നിന്നും മരുന്നുകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും നിരോധിത മരുന്നുകൾ ഏതൊക്കെയാണെന്ന വിവരങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ഇന്ത്യൻ അംബാസിഡർ വിശദീകരിച്ചു.
അതേസമയം,ഖത്തറിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കുകയെന്നത് ശ്രമകരമാണെന്നും വലിയ തുക മുടക്കി ഇത്തരം കേസുകൾ നടത്തിയാലും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ലീഗൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന അഡ്വ.സക്കരിയ വ്യക്തമാക്കി.