ദോഹ: ഖത്തർ എനർജിയുടെ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കുള്ള റെക്സ് ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന എന്നീ പേരുള്ള രണ്ട് എൽ.എൻ.ജി വാഹക കപ്പലുകളുടെ ഉദ്ഘാടനം ചൈനയിലെ ഷാങ്ഹായിൽ നിർവഹിച്ചു.
ചൈനീസ് കപ്പൽ നിർമാണ കമ്പനിയായ ഹുഡോങ് ഴോങ്ഹുവയുമായുള്ള 12 കപ്പലുകളുടെ നിർമാണ കരാറിൽനിന്നുള്ള ആദ്യ രണ്ട് കപ്പലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും എക്സോൺ മൊബിൽ മുൻ ചെയർമാനുമായ റെക്സ് വെയ്ൻ ടില്ലേഴ്സണിന്റെ പേരിലാണ് ചൈനയിൽനിന്നുള്ള ആദ്യ എൽ.എൻ.ജി കപ്പൽ ഇറങ്ങുന്നത്. അന്താരാഷ്ട്ര തലത്തിലെ ഊർജ മേഖലയിലെ സേവനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് തങ്ങളുടെ പുതിയ എൽ.എൻ.ജി കപ്പലിന് ഖത്തർ എനർജി ടില്ലേഴ്സണിന്റെ പേര് നൽകുന്നത്.
ഖത്തറിലെ പ്രധാന സ്ഥലമായ ഉമ്മു ഗുവൈലിനയുടെ പേരിലാണ് രണ്ടാമത്തെ കപ്പൽ . ഷാങ്ഹായിലെ ഷിപ്യാഡിൽ നടന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബിയും, ചൈന ഷിപ് ബിൽഡിങ് കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജിയ ഹൈയിങ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിലും അന്താരാഷ്ട്ര തലത്തിലുള്ള ടില്ലേഴ്സിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് സഅദ് അൽ ഷെരിദ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഓൺലൈൻ വഴി ടില്ലേഴ്സും പങ്കെടുത്തു.ഖത്തർ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക കടൽയാത്ര സംവിധാനങ്ങളും സുരക്ഷ സൗകര്യങ്ങളോടെയുമാണ് 12 എണ്ണവും നിർമാണം നടക്കുന്നത് . അടുത്തിടെ ആണ് പുതിയ ആറ് കപ്പലുകളുടെ നിർമാണത്തിന് ഖത്തർ എനർജി ചൈനീസ് കമ്പനികളുമായി കരാറിൽ ഒപ്പുവെച്ചത്. ഇവ ഉൾപ്പെടെ 24 കപ്പലുകളാണ് ചൈനയില്‍നിന്നും ഖത്തര്‍ വാങ്ങുന്നത്. 2028 നും 2031 നും ഇടയിലാണ് ഖത്തര്‍ എനര്‍ജിക്ക് ഇവ കൈമാറുക. ഇതോടെ, എൽ.എൻ.ജി ചരക്കു നീക്കത്തിനുള്ള കപ്പലുകളുടെ എണ്ണം128 ആയി കുതിച്ചുയരും.