ദോഹ: ഖത്തറിന്റെ വിനോദ സഞ്ചാര മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായി ഖത്തർ ടൂറിസം ഏർപ്പെടുത്തുന്ന പുരസ്കാര നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ വർഷം അവസാനം പ്രഖ്യാപിക്കുന്ന അവാർഡുകളിലെ ശ്രദ്ധേയമായ ‘ടൂറിസം ഇൻഫ്ലുവൻസർ’ പുരസ്കാരത്തിനായി അവസാന പട്ടികയിൽ ഇടം നേടിയവർക്കുള്ള പത്തു പേർക്ക് വേണ്ടി വോട്ടിങ് ആരംഭിച്ചു.സെപ്റ്റംബർ ഒമ്പതുവരെ വോട്ടുചെയ്യാൻ പൊതു ജനങ്ങൾക്ക് അവസരമുണ്ട്.
qatartourism.com/en/qatar-tourism-awards എന്ന ലിങ്ക് വഴി പ്രവേശിച്ച് ഇൻഫ്ലുവൻസർ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാവുന്നതാണ്.പൊതുജനങ്ങളുടെ വോട്ടും, ജഡ്ജിങ് പാനലിന്റെ സ്കോറും പരിഗണിച്ച് വിജയിയെ തെരഞ്ഞെടുക്കും.
ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പുരസ്കാരത്തിനുള്ളത്ഖ.ലീഫ അൽ ഹാറൂൺ (ഐ ലവ് ഖത്തർ), അബ്ദുല്ല അസീസ് അൽ ഗഫ്റി (ക്യൂ.ക്യൂ.ക്യൂ), അബ്ദുൽഹാദി സാലിഹ് സലിം അൽ വകീൻ (അബ്ദുൽഹാദി), ഫാതിമ ദായ് (ന്യൂ ഇൻ ദോഹ), അബ്ദുല്ല ദർബേഷ്, സൗദ് അൽ കുവാരി, ഉസാമ അൽ നസാൻ, ടൂറിസം ഇൻ ഖത്തർ പ്ലാറ്റ്ഫോം, നൂർ അഹ്മദ് അൽ മസ്റൂഇ എന്നിവരാണ് അവസാന പട്ടികയിലുള്ള 10 പേർ.
സമൂഹ മാധ്യമങ്ങളും, പൊതു പ്ലാറ്റ്ഫോമുകളും ഉൾപ്പെടെ സർഗാത്മകമായ സംഭവനകളിലൂടെ വിനോദ സഞ്ചാരത്തിന് കാര്യമായ സംഭാവന നൽകിയവരാണ് ഈ പത്തുപേർ.. ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് ടൂറിസം ഇൻഫ്ലുവൻസർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകിയത്.
ഇത്തവണ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ ടൂറിസം) സഹകരിച്ചാണ് രണ്ടാം ഖത്തർ ടൂറിസം അവാർഡുകൾ വിതരണം ചെയ്യുന്നത്.
അവാർഡുകൾ ഏഴ് വിഭാഗങ്ങളിൽ
ഏഴ് പ്രധാന കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകളുള്ളത്. സർവിസ് എക്സലൻസ്, രുചിവൈവിധ്യവുമായി ബന്ധപ്പെട്ട ഗാസ്ട്രോണമിക് എക്സ്പീരിയൻസ്, ഐക്കണിക് അട്രാക്ഷൻസ് ആൻഡ് ആക്ടിവിറ്റീസ്, വേൾഡ് ക്ലാസ് ഇവന്റ്സ്, ഡിജിറ്റൽ ഫൂട്ട് പ്രിൻറ്, സ്മാർട്ട് ആൻഡ് സസ്റ്റയ്നബ്ൾ ടൂറിസം, കമ്യൂണിറ്റി ലീഡർഷിപ് എന്നിവയാണവ.