ദോഹ: പുതിയ അധ്യയന വർഷം നിരത്തിലെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടേത് കൂടിയായി മാറുമെന്ന് ഖത്തർ പൊതുഗതാഗത വിഭാഗമായ മുവാസലാത് (കർവ) അറിയിച്ചു. അധ്യയന വർഷത്തിൽ 3000ത്തോളം പരിസ്ഥിതി സൗഹൃദ സ്കൂൾ ബസുകൾ ഉന്നത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സർവിസ് നടത്താൻ സജ്ജമായതായി ‘ബാക് ടു സ്കൂൾ’കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മുവാസലാത് (കർവ) അറിയിച്ചു.
യൂറോ ഫൈവ് സ്റ്റാൻഡേഡിലുള്ള വലിയൊരു നിര ഡീസൽ ബസുകളും, പത്ത് ഇലക്ട്രിക് ബസുകളും സ്കൂൾ സർവിസിനായി സജ്ജമായതായി മുവാസലാത് (കർവ) സ്ട്രാറ്റജി മാനേജ്മെൻറ് ഓഫിസ് ഉദ്ധരിച്ച് പ്രദേശിക മാധ്യമമായ ‘ദി പെനിൻസുല’ റിപ്പോർട്ട് ചെയ്തു. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ച ബാക് ടു സ്കൂൾ കാമ്പയിൻ ഉദ്ഘാടന ചടങ്ങിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.