ദോഹ: ലോകത്തെ പ്രശസ്തമായ കാറോട്ടപ്പൂരത്തിനുള്ള ഒരുക്കങ്ങൾ സജീവമാക്കി ഖത്തർ ഗ്രാൻഡ് പ്രീ വേദിയായ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട്. കഴിഞ്ഞ മാർച്ചിൽ ബഹ്റൈൻ ഗ്രാൻഡ്പ്രീയോടെ ആരംഭിച്ച പുതിയ സീസണിൽ അവസാന മത്സരങ്ങളായാണ് ഖത്തറിലും പിന്നാലെ അബൂദബിയിലും മത്സരം നടക്കുന്നത്. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയായി നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ (എൽ.ഐ.സി) നേരത്തേ തുടങ്ങി .
24 ഗ്രാൻഡ്പ്രീകൾ ഉൾപ്പെടുന്ന സീസണിൽ നിലവിൽ 14 ഗ്രാൻഡ് പ്രീ പൂർത്തിയായി. 23ാമത് ഗ്രാൻഡ്പ്രീയാണ് ഖത്തരിൽ നടക്കുന്നത്. നേരത്തേ രണ്ടു തവണ ഗ്രാൻഡ്പ്രീക്ക് വേദിയായ ഖത്തറിനെ കഴിഞ്ഞ വർഷം മുതൽ തുടർച്ചയായി പത്തു വർഷത്തേക്കുള്ള വേദിയായി തിരഞ്ഞെടുക്കുക ആയിരുന്നു . വിപുല സൗകര്യങ്ങളാണ് ഇത്തവണ ഗ്രാൻഡ് പ്രീക്ക് ഒരുക്കുന്നത്. റേസിനെത്തുന്നവർക്കുള്ള ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി ലുസൈൽ ഹിൽ ലോഞ്ച് നിർമിക്കുമെന്ന് എൽ.ഐ.സി ഖത്തർ അറിയിച്ചു.