ദോഹ: സന്നദ്ധ സേവന വഴിയിൽ കൂടുതൽ പേരെ എത്തിക്കാൻ അടുത്ത വർഷത്തോടെ തങ്ങളുടെ വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ഖത്തർ റെഡ്ക്രസന്റ്. 2025 അവസാനത്തോടെ വളന്റിയർമാരുടെ എണ്ണം 31,000 ൽനിന്നും 60,000 ആക്കി ഉയർത്താൻ പ്രവർത്തന പദ്ധതിയുണ്ടെന്ന് ഖത്തർ റെഡ്ക്രസന്റ് വളന്റിയറിങ് ആൻഡ് ലോക്കൽ ഡെവലപ്മെന്റ് വിഭാഗം മേധാവി ഹുസൈൻ അമാൻ അൽ അലി അറിയിച്ചു.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ്ക്രസന്റ് സൊസൈറ്റീസ് സന്നദ്ധ പ്രവർത്തകരുടെ പ്രായം 18ൽനിന്നും അഞ്ചും അതിന് മുകളിലുള്ളവരുമായി മാറ്റിയിട്ടുണ്ടെന്നും അടുത്ത അധ്യായന വർഷത്തിൽ 11,000 മുതൽ 15,000 വരെ വിദ്യാർഥികളെ വളന്റിയർമാരായി പരിശീലിപ്പിക്കാൻ ഒരുങ്ങുന്നതായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഹുസൈൻ അമാൻ അൽ അലി കൂട്ടിച്ചേർത്തു.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനു (കഹ്റമ)മായി സഹകരിച്ച് സന്നദ്ധ സേവന സംസ്കാരം സൃഷ്ടിക്കുന്നതിന് കരാർ ഒപ്പുവെക്കുകയും ഇതിന്റെ ഭാഗമായി പ്രഥമ ശിൽപശാല നടത്തിയതായും അൽ അലി വ്യക്തമാക്കി.