ദോഹ: ഇൻഡിഗോ എയർലൈൻസിനു വേണ്ടി ദോഹ -കണ്ണൂർ സെക്ടറിൽ ഖത്തർ എയർവേസ് സർവിസ് നടത്തി . ഖത്തർ എയർവേസ് വിമാനം വാടകക്ക് എടുത്താണ് ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ ഖത്തറിൽനിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടിൽ സർവിസ് ആരംഭിച്ചത്.
ആദ്യ സർവിസ് വ്യാഴാഴ്ച ആരംഭിച്ചു. ആഗസ്റ്റ് 29ന് രണ്ടാം സർവിസ് ആരംഭിക്കും. തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കണ്ണൂർ-ദോഹ റൂട്ടിലെ ഇൻഡിഗോയുടെ പ്രതിദിന സർവിസിൽ 201 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തർ എയർവേസിന്റെ ബോയിങ് 737 മാക്സ് വിമാനം ഉൾപെടും.
വ്യാഴാഴ്ച രാവിലെ എട്ടിന് ദോഹയിൽനിന്നും പറന്നുയർന്ന വിമാനം ഉച്ചക്ക് 2.55ഓടെയാണ് കണ്ണൂരിൽ ലാൻഡ് ചെയ്തു . വിദേശ കമ്പനിയുടെ വിമാനത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം (കിയാൽ) അധികൃതർ ജലാഭിവാദ്യത്തോടെ ഔദ്യോഗികമായി തന്നെ സ്വീകരിക്കുകയും ചെയ്തു. ഇതേ വിമാനം വൈകുന്നേരം 4.25ന് പുറപ്പെട്ട് ആറ് മണിയോടെ ദോഹയിൽ തിരിച്ചെത്തി. ഇൻഡിഗോയുടെ നമ്പറിൽ തന്നെയാണ് വിമാനം സർവിസ് നടത്തുന്നത്.
പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശ വിമാനക്കമ്പനികൾക്ക് നിലവിൽ കണ്ണൂരിലേക്ക് സർവിസ് നടത്താൻ കഴിയില്ല എന്ന സാഹചര്യത്തിൽ ഇൻഡിഗോക്ക് വേണ്ടി ഖത്തർ എയർവേസ് പറന്നിറങ്ങുന്നത്.
കഴിഞ്ഞ മാസമാണ് ഇൻഡിഗോ ഖത്തർ എയർവേസിന്റെ ആറ് ബോയിങ് 737 മാക്സ് വിമാനങ്ങൾ വാടകക്ക് എടുത്തത്. ഖത്തർ എയർവേസ് നിലവിൽ ഇൻഡിഗോയുമായി കോഡ് ഷെയറിങ് പങ്കാളിത്തമുള്ള അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയാണ് . അന്താരാഷ്ട്ര സർവിസുകൾ ഉൾപ്പെടെ മുടങ്ങാതിരിക്കാനാണ് ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഏതാനും എയർക്രാഫ്റ്റുകൾ അറ്റകുറ്റപ്പണികൾക്കും മറ്റുമായി ഗ്രൗണ്ടിങ് ചെയ്ത സാഹചര്യത്തിൽ ഖത്തർ എയർവേസിൽനിന്ന് വിമാനങ്ങൾ വാടകക്കെടുത്തത്.
70ഓളം വിമാനങ്ങളാണ് കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇൻഡിഗോയുടെ അറ്റകുറ്റപ്പണികൾക്കായി നിലത്തിറക്കിയത്.