ദോഹ: ഒരുമാസംകൊണ്ട് ഹമദ് വിമാനത്താവളം വഴി സഞ്ചരിച്ചത് 47.3 ലക്ഷം യാത്രക്കാർ . 2024 ജൂലൈയിലെ യാത്രക്കാരുടെ ഒഴുക്ക് 10 വർഷം പിന്നിടുന്ന വിമാനത്താവള ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായി അടയാളപ്പെടുത്തി . കഴിഞ്ഞ വര്ഷം ജൂലൈ മാസത്തേക്കാൾ 10.2 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
വേനൽ അവധിക്കാലത്തിന്റെ സമയം ആയതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അന്താരാഷ്ട്ര യാത്രികർ തങ്ങളുടെ ട്രാൻസിറ്റ് ഹബായി ദോഹയെ ഉപയോഗപ്പെടുത്തുന്നതാണ് വർധിച്ച തിരക്കിന് കാരണമായി പറയപ്പെടുന്നത് . ലോകത്തിലെ മുഴുവൻ വൻകരകളിലേക്കുമായി 170 ഡെസ്റ്റിനേഷനുകളിൽ സർവിസ് നടത്തുന്ന ഖത്തർ എയർവേസ് വഴി അന്താരാഷ്ട്ര വിമാന യാത്ര ഹബായും ദോഹ മാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്തിന്റെ മുഴുവൻ ദിക്കിലേക്കുമുള്ള കണക്ടിങ് കേന്ദ്രമായി ദോഹ മാറിയതും, ദോഹയിൽനിന്നും സർവിസ് നടത്തുന്ന അന്താരാഷ്ട്ര എയർലൈൻ കമ്പനികളുടെ എണ്ണം വർധിച്ചതും, തിരക്കിന് കാരണമായി.