ദോഹ: പാരിസ് ഒളിമ്പിക്സിലെ അഭിനന്ദനാർഹമായ സേവനത്തിനു പിന്നാലെ ആഗസ്റ്റ് 28ന് കൊടിയേറുന്ന പാരാലിമ്പിക്സിന്റെ സുരക്ഷാ മുൻകരുതലുകൾ ആരംഭിച്ച് ഖത്തരി സെക്യൂരിറ്റി ഫോഴ്സ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നീണ്ടുനിന്ന ഒളിമ്പിക്സിൽ ഖത്തർ സുരക്ഷാ സേനയുടെ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടു വരെ നടക്കുന്ന പാരാലിമ്പിക്ക്സിന്റെ വി.വി.ഐ.പി സെക്യൂരിറ്റി മുതൽ വിമാനത്താവളങ്ങൾ, സ്റ്റേഡിയങ്ങൾ, കാണികളുടെ മേഖലകൾ, ഒളിമ്പിക്സ് വില്ലേജ് എന്നിവിടങ്ങളിലും മറ്റുമായി ഖത്തരി ആഭ്യന്തര സുരക്ഷാ സേനയുടെ നേതൃത്വത്തിൽ സേവനം ഉറപ്പാക്കി.
ഒളിമ്പിക്സ് കൊടിയിറങ്ങിയ അതേ വേദികളിൽ തന്നെയാണ് ഈ കായിക പോരാട്ടവും അരങ്ങേറുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ പരിചയ സമ്പത്തും, അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുമായാണ് ഖത്തരി സേനാ വിഭാഗങ്ങൾ ഒളിമ്പിക് വേദിയിൽ നിസ്തുലമായ സേവനം ചെയ്തത്.