ദോഹ: കടുത്ത ചൂടിൽനിന്ന് ശൈത്യകാലത്തെ കാത്തിരിക്കവെ ക്യാമ്പിങ് സീസണിനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് ഖത്തർ .പുതിയ സീസണിലെ ക്യാമ്പുകൾക്കായുള്ള പെർമിറ്റ് ഫീസുകൾ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം ഭിന്നശേഷിക്കാരെയും ഉദ്യോഗങ്ങളിൽനിന്ന് വിരമിച്ചവരെയും ഫീസിൽനിന്ന് ഒഴിവാക്കുകയും 2019ലെ മുനിസിപ്പാലിറ്റി മന്ത്രിയുടെ 288ാം നമ്പർ തീരുമാനവും മേൽപറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായ വ്യവസ്ഥകളും ക്യാൻസൽ ചെയ്തതായും ഗസറ്റിൽ പറയുന്നു.
പുതിയ തീരുമാനത്തിലെ ശൈത്യകാല ക്യാമ്പുകൾക്കായുള്ള ഫീസ് വ്യവസ്ഥകൾ താഴെ പറയുന്ന പ്രകരം ആയിരിക്കും കരയിലെ ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റുകൾക്ക് 3000 റിയാലും പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും അടക്കണം.
കടലിലോ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്കുള്ളിലോ സ്ഥിതി ചെയ്യുന്ന ശൈത്യകാല ക്യാമ്പുകളുടെ പുതിയ പെർമിറ്റിനായി 3000 റിയാലും പെർമിറ്റുകളിൽ ഭേദഗതി വരുത്തുന്നതിന് 1000 റിയാലും നഷ്ടപ്പെട്ട പെർമിറ്റിന് പകരം പുതിയവ ലഭിക്കുന്നതിന് 100 റിയാലും പണം കെട്ടണം.