ദോഹ: സുഹൈൽ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തോടനുബന്ധിച്ച് കതാറയിൽ ഫാൽക്കണറി, ഹണ്ടിങ് സ്റ്റാമ്പ് പ്രദർശനാം ആരംഭിച്ചു. സുഹൈൽ അവസാനിക്കുന്ന സെപ്റ്റംബർ 14 വരെ പ്രദർശനം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഫാൽക്കണുകളുമായും വേട്ടയുമായും ബന്ധപ്പെട്ട അപൂർവയിനം സ്റ്റാമ്പുകളുടെ വലിയ ശേഖരം തന്നെ പ്രദർശനത്തിൽ ഉണ്ട് .ഖത്തറിൽനിന്നുള്ള സ്റ്റാമ്പുകൾക്ക് പുറമെ 25 രാജ്യങ്ങളിൽനിന്നുള്ള സ്റ്റാമ്പുകളും പ്രദർശനത്തിൽ ഉണ്ട്.
1960കളിലെ സ്റ്റാമ്പുകൾ, മർമി ഫെസ്റ്റിവലിൽ ജേതാക്കളായ മനോഹര ഫാൽക്കൺ ചിത്രങ്ങളോട് കൂടി അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയം പുറത്തിറക്കിയ ആറ് തപാൽ സ്റ്റാമ്പുകളും ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫാൽക്കൺ സ്റ്റാമ്പുകളും പ്രദർശനത്തിൽ എത്തിച്ചിട്ടുണ്ട്.
ലോകത്തിലെ പല രാജ്യങ്ങളിലും വേട്ടയുമായും ഫാൽക്കൺ പക്ഷികളുമായും ബന്ധപ്പെട്ട് പുറത്തിറക്കിയ തപാൽ സ്റ്റാമ്പുകൾ പ്രദർശനത്തിനെത്തിയിട്ടുണ്ടെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈത്തി അറിയിച്ചു.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ വേട്ട, ഫാൽക്കൺ പ്രദർശനമായാണ് സുഹൈൽ അറിയപ്പെടുന്നതെന്നും ,പ്രദർശനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും, ഖത്തറിലെ സ്റ്റാമ്പ് പ്രേമികൾക്ക് അപൂർവ സ്റ്റാമ്പുകൾ കാണാനുള്ള സുവർണാവസരമാണ് ഇത് നൽകുന്നതെന്നും ഡോ. അൽ സുലൈത്തി ചൂണ്ടിക്കാട്ടി.