ദോഹ: ഖത്തറും ഇതര ഗൾഫ് രാജ്യങ്ങളും ഉൾപ്പെടെ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലുള്ളവർ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ചൂടിന് ശമനമായി ആഗസ്റ്റ് 24ഓടെ സുഹൈൽ നക്ഷത്രം ആകാശത്ത് തെളിയും. ഖത്തർ കാലാവസ്ഥ വിഭാഗം ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.
ആകാശത്തെത്തുന്ന നക്ഷത്രങ്ങളെ നോക്കി ഋതുഭേദങ്ങളുടെ മാറ്റം കണക്കാക്കുന്ന അറബികൾക്ക് സുഹൈലും കൂട്ടുകാരും അഭിവാജ്യ ഘടകമാണ്. ചൂടിന്റെ തീവ്രത കുറഞ്ഞുവരും എന്നതിനൊപ്പം പുതിയ കാർഷിക സീസണിന്റെ വരവേൽപ്പ് കൂടിയാണ് ഇത്.
ചൂടും ഹുമിഡിറ്റിയും കുറയുന്നതിന്റെയും കാലാവസ്ഥ മെച്ചപ്പെടുന്നതിന്റെയും കാലഘട്ടം ആരംഭിക്കുന്നത് ഇതോടെയാണ്. സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, സഫി സീസണ് ആരംഭിക്കുകയും തുടര്‍ന്നു വരുന്ന 40 ദിവസങ്ങൾക്കുള്ളിൽ ചൂട് കുറഞ്ഞ് മിതമായ കാലാവസ്ഥയിലേക്കും ഒക്ടോബര്‍ പകുതിയോടെ ശീതകാലത്തിലേക്കും നീങ്ങും.
സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയത്തോടെ, വിവിധ ഗൾഫ് രാജ്യങ്ങളിലെ പർവതനിരകളിൽ മേഘങ്ങൾ താഴുകയും, തെക്ക്-കിഴക്കന്‍ കാറ്റിനൊപ്പം ചാറ്റല്‍മഴ എത്തുകയും ചെയ്യും. മധ്യപൂർവേഷ്യ ഉൾപ്പെടുന്ന ഉത്തരാര്‍ധ ഗോളത്തിലെ ഋതുമാറ്റത്തിന്റെ ലക്ഷണമാണ് സുഹൈല്‍ നക്ഷത്രം. നിലവില്‍ ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ വേനല്‍ ആണ്.
ഗോളശാസ്ത്രജ്ഞരുടെ ഭാഷയിലെ ‘കാനോപസ് സ്റ്റാർ (Canopus Star) ആണ് സുഹൈൽ നക്ഷത്രം എന്നപേരിൽ അറബ് മേഖലയിൽ പറയപ്പെടുന്നത്. ദക്ഷിണ ആകാശ ഗോളത്തിലെ നക്ഷത്രസമൂഹമായ കരീന മേജറിലെ രണ്ടാമത്തെ ഏറ്റവും തിളക്കമേറിയ വലിയ നക്ഷത്രമാണ് സുഹൈൽ . ആഗസ്റ്റ് 24 മുതൽ രാത്രിയിൽ ആകാശത്ത് തിളങ്ങുന്ന നിലയിൽ സുഹൈലിനെ ദർശിക്കാം. ഭൂമിയില്‍നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്.
സൂര്യന്റെ പതിനായിരം മടങ്ങ് തിളക്കവും എട്ട് മടങ്ങ് വലുപ്പവുമുണ്ടു സുഹൈലിന് , ശക്തമായ വെളിച്ചം മൂലം പ്രഭാതത്തിലും ഈ നക്ഷത്രത്തെ കാണാൻ കഴിയും. സുഹൈൽ നക്ഷത്രം സംബന്ധിച്ച് അറബികൾക്ക് പുരാതന കാലം മുതൽ തന്നെ ധാരണയുണ്ടെന്ന് പൗരാണിക അറബ് കവിതകളും സാഹിത്യങ്ങളും തെളിവാണ്.
52 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രം 13 ദിവസങ്ങളുള്ള നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും തരംതിരിച്ചു. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യുന്നു.