വീടുകളിലിരുന്ന് ചെറുകിട സംരംഭങ്ങൾ തുടങ്ങാം; 48 ഇനം വ്യാപാരങ്ങൾക്ക് കൂടി അനുമതി നൽകി ഖത്തർ

124

ദോഹ ∙ വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയിൽ 48 ചെറുകിട വ്യാപാരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം .ഹോം പ്രൊജക്ട് ലൈസൻസിന് കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾ കൂടി വാണിജ്യ, വ്യവസായ മന്ത്രാലയം ഉൾപ്പെടുത്തിയത് .ഇതോടെ ഈ ലൈസൻസിന് കീഴിൽ തിരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി.

രാജ്യത്ത് ചെറുകിട വ്യാപാര സംരംഭങ്ങൾ വർധിപ്പിക്കാൻ വേണ്ടി കഴിഞ്ഞ വർഷം ജൂണിലായിരുന്നു സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള അനുമതി മന്ത്രാലയം നൽകി വന്നത്.തുടക്കത്തിൽ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയത് . വീടുകളിൽ നിന്നും സേവന നൽകാനുള്ള അപേക്ഷ ഫോം, വീട് ഉടമസ്ഥന്റെയും ലൈസൻസ് ഉടമയുടെയും ഐ.ഡി കാർഡ്, മൈ അഡ്രസ് എന്നിവയാണ് സമർപ്പിക്കേണ്ട പ്രധാന രേഖകൾ.ഏകജാലകം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും വേണം.

‘ഹോം ബിസിനസ് സംരംഭത്തിൽ തയ്യൽ, ബാഗുകൾ ഉൾപ്പെടെ തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കംപ്യൂട്ടർ റിപ്പയറിങ്, സോഫ്റ്റ് വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, വിവിധ ഇനം നട്സുകളുടെ വില്പന, സുഗന്ധദ്രവ്യ വിൽപ്പന, ആഭരണ ഡിസൈനിങ്,കോപ്പി മെഷിനുകളുടെ അകറ്റുപണി, വസ്ത്ര വ്യാപാരം, പാദരക്ഷ വിൽപന, വിവർത്തനം സേവനങ്ങൾ, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ്,യാത്രാ സാധന സാമഗ്രികൾ വാടകക്ക് നൽകൽ ഇതുപോലോത്ത നിരവധി സംരംഭങ്ങൾക്കാണ് അനുമതി നൽകിയത്.