ദോഹ: മൊബൈൽ ഫോൺ മുതൽ പേഴ്സ് വരെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായാൽ ഇനി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് ഓടേണ്ടതില്ല.ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ അതിനും സൗകര്യവുമായി മന്ദ്രാലയം.
സുരക്ഷാ വിഭാഗം ഓഫിസുകളിലോ പൊലീസ് സ്റ്റേഷനിലോ ചെന്ന് നഷ്ടപ്പെട്ടവയെക്കുറിച്ച് പരാതി നൽകുന്നതിനു പകരം മെട്രാഷിലെ ജനറൽ സർവിസ് വിൻഡോയിൽ ‘റിപ്പോർട്ട് ലോസ്റ്റ് ഒബ്ജക്ട്സ്’ വഴി പരാതി നൽകാവുന്നതാണ്.
റെസിഡന്റ് ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പഴ്സ്, പണം എന്നിവ ഉൾപ്പെടെ നഷ്ടമായ വസ്തു ഏതെന്ന് ടിക്ക് ചെയ്ത് തെരഞ്ഞെടുത്തശേഷം ആവശ്യമായ വിശദാംശങ്ങൾ ഇതോടൊപ്പം തന്നെ ചേർക്കാവുന്നതാണ്. സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് മെട്രാഷിലെ പുതിയ സേവനം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.