ദോഹ: കാലാവസ്ഥ മാറ്റത്തിന്റെ സൂചനയായി അൽ നഥ്റ എന്ന അൽ ഖിലൈബൈനിലെ നക്ഷത്രം ഉദിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വേനൽക്കാല നക്ഷത്രങ്ങളിൽ ആറാമത്തേതും ജംറത് അൽ ഖായിതിലെ അവസാനത്തേതുമായ നക്ഷത്രമാണ് ഇത്. ഈ സമയങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുന്നതോടൊപ്പം കാറ്റിന്റെ ഗതി പ്രധാനമായും വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, അൽ കിലൈബെയ്നിന്റെ മധ്യത്തിൽ സുഹൈൽ നക്ഷത്രമുദിക്കുന്നതോടെ താപനില പതിയെ കുറയാനും അന്തരീക്ഷം തണുക്കാനും ആരംഭിക്കും. 13 ദിവസമാണ് അൽ നഥ്റ നക്ഷത്രം ആകാശത്ത് ദൃശ്യമാകുക.ഖത്തർ ആകാശത്ത് സുഹൈൽ നക്ഷത്രം ആഗസ്റ്റ് 24ന് ഉദിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.സുഹൈൽ നക്ഷത്രത്തിന്റെ ഉദയം ഗൾഫ് മേഖലയിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെ ആണ് കാണുന്നത് ചൂട് കാലാവസ്ഥയുടെ ക്രമേണയുള്ള മാറ്റത്തിന്റെ തുടക്കമായും ചുട്ടുപൊള്ളുന്ന കാറ്റിന്റെ അവസാനത്തെ സൂചകമായുമാണ് ആളുകൾ ഇതിനെ കാണുന്നതെന്ന് ഖത്തർ കലണ്ടർ ഹൗസ് പറഞ്ഞു.
ഇതേ കാലയളവിൽ വൈകുന്നേരങ്ങളോടെ വെള്ളം തണുക്കാനും രാത്രിയുടെ ദൈർഘ്യം വർധിക്കാനും പകൽ സമയം കുറയാനും മഴക്കും സാധ്യതയുണ്ട്.