ഇനി ചെക്ക് വേഗത്തില്‍ പണമാക്കാം. ബാങ്കുകളിൽ ചെക്ക് നൽകി പണമാക്കാൻ ഇനി ഒരു ദിവസം കാലതാമസമെടുക്കില്ല. മണിക്കൂറുകൾക്കകം പണം അക്കൗണ്ടിലെത്തും. പുതിയ നിർദേശത്തിലാണ് ചെക്കുകളുടെ ക്ലിയറൻസ് വേഗത്തിലാക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ചെക്കുകൾ ക്ലിയർ ചെയ്യുന്നത് നിലവിൽ ഓരോ ബാച്ചുകളായാണ്. അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസംവരെ ഇപ്പോൾ വേണ്ടിവരുന്നുണ്ട്. എന്നാൽ, ഇനിയത് തത്സമയത്തിലേക്ക് മാറുന്നതോടെ ചെക്കിലെ പണം അക്കൗണ്ടിലെത്താൻ ഒന്നോ രണ്ടോ മണിക്കൂറുകൾ മതിയാകും.പണം കൈമാറ്റത്തിലെ റിസ്ക് കുറയ്ക്കുന്നതിനും, ചെക്ക് ക്ലിയറിങിന്റെ കാര്യക്ഷമത കൂട്ടുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
ഒരു ലക്ഷത്തിൽ നിന്ന് യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി അഞ്ച് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയർത്തി. ഘട്ടംഘട്ടമായി എല്ലാ ഇടപാടുകൾക്കുമുള്ള പരിധി അഞ്ച് ലക്ഷമാക്കുന്നതിന്റെ ഭാഗമായാണിത് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.