ദോഹ: ജിസിസി മേഖലയിലെ ഫാൽക്കൺ പ്രേമികളുടെ ഉത്സവകാലമായ ‘സുഹൈൽ’ ഫാൽക്കൺ മേളക്ക് സെപ്റ്റംബർ 10 മുതൽ 14 വരെ കതാറ കൾചറൽ വില്ലേജ് വേദിയാകും.
വേട്ടക്കുള്ള ഉപകരണങ്ങൾ, ആയുധങ്ങൾ, ക്യാമ്പിങ് ഉപകരണങ്ങൾ, കാർ, മരുഭൂമിയിൽ ഉപയോഗിക്കാവുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയുമായി 300ലേറെ കമ്പനികൾ ഇത്തവണ പങ്കെടുക്കും.അരങ്ങേറ്റക്കാരായ പോളണ്ട്, ഓസ്ട്രിയ, പോർചുഗൽ, റഷ്യ ഉൾപ്പെടെ 21 രാജ്യങ്ങളാണ് എട്ടാമത് അന്താരാഷ്ട്ര ഫാൽക്കൺ മേളയിൽ മാറ്റുരക്കുന്നത്.
മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജി.സി.സിയിലെയും മേഖലയിലെയും ഏറ്റവും വലിയ ഫാൽക്കൺ മേളകളിലൊന്നായ സുഹൈൽ നടക്കുന്നത്. മേളയുടെ ഭാഗമായ വേട്ട ആയുധങ്ങളുടെ ലൈസൻസിനായി ആഗസ്റ്റ് 10 മുതൽ 19 വരെ മെട്രാഷ് രണ്ട് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ് .
ഇതാദ്യമായി വിവിധ ബ്രാൻഡുകൾക്ക് തങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ അവസരം ഉണ്ട്. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമാണ് മേളയുടെ പ്രധാന ലക്ഷ്യം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫാൽക്കൺ പക്ഷി വളർത്തുകാരും പ്രേമികളുമെല്ലാം മേളയുടെ ഭാഗമായി ഖത്തറിൽ എത്തും.ദശലക്ഷം റിയാലിന്റെ ലേലവും, പതിനായിരത്തോളം സന്ദർശകരും എത്തുന്ന മേളക്ക് 2017 മുതലാണ് കതാറ കൾചറൽ വില്ലേജ് എല്ലാ വർഷങ്ങളിലുമായി സുഹൈൽ ഫാൽക്കൺ മേള സംഘടിപ്പിക്കുന്നത്.