ദോഹ: ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം ഹ്യൂമിഡിറ്റിയും ശരീരം നിർജലീകരിക്കുന്ന നാളുകളാണ് മുന്നിലെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. ഈയാഴ്ചയിലെ വരും ദിവസങ്ങളിൽ പകലിലും രാത്രിയിലും ശക്തമായ ചൂടിനൊപ്പം ഹ്യുമിഡിറ്റി കൂടി എത്തുന്നതോടെ പൊതുജനങ്ങൾ ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.
കഴിഞ്ഞാഴ്ചയിൽ തന്നെ നേരിയ തോതിൽ ഹ്യുമിഡിറ്റി ആരംഭിക്കുകയും ചൂടും, ഒപ്പം അമിതമായി വിയർക്കുന്നതും നിർജലീകരണത്തിന് കാരണമാകുകയും ഈ സാഹചര്യത്തിൽ വേണ്ട ശാരീരിക മുൻകരുതലാണ് ആവശ്യം എന്ന് നിർദേശിക്കുന്നു.
അതേസമയം, ചൊവ്വാഴ്ച ഖത്തറിന്റെ കടൽത്തീരത്തും ചില കിഴക്കൻ തീരപ്രദേശങ്ങളിലും ചാറ്റൽ മഴ പെയ്യുകയും 40 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ദോഹയിലെ താപനില രേഖപ്പെടുതുകയും ചെയ്തു . അൽ ഖോറിൽ 42ഉം, അബു സംറയിൽ 43ഉം ഡിഗ്രി താപനില ഉണ്ടായിരുന്നു.ചൊവ്വാഴ്ച ദോഹ ഹമദ് വിമാനത്താവളത്തിൽ കൂടിയ താപനില 38 ഡിഗ്രിയായിരുന്നെങ്കിൽ ഖത്തർ യൂനിവേഴ്സിറ്റിയിലും മിസൈദിലും 45 ഡിഗ്രിയും, വക്റയിൽ 41ഉം ആണ് രേഖപ്പെടുത്തിയത്.
ചൂടും ഹ്യുമിഡിറ്റിയും ശക്തമാവുന്ന സാഹചര്യത്തിൽ ശാരീരിക മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയും സമൂഹ മാധ്യമങ്ങളിലൂടെ മലയാളം, ഹിന്ദി, ബംഗ്ല ഉൾപ്പെടെ വിവിധ ഭാഷകളിൽ നിർദേശങ്ങൾ നൽകിയത്. നിർജലീകരണമുണ്ടാകുന്ന സാഹചര്യങ്ങൾ മൂത്രത്തിന്റെ നിറവ്യത്യാസത്തിലൂടെ തിരിച്ചറിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.