ദോഹ: ഖത്തറിന്റെ കടലോരങ്ങളിലെ പരിസ്ഥിതി വിരുദ്ധ നടപടികൾ തടയുന്നതിനായി പരിശോധനകൾ കർശനമാക്കിയതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. നിയമവിരുദ്ധമായ വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, ജൈവ സമ്പത്തുകൾക്ക് ഭീഷണിയാവുന്ന പ്രവർത്തനം എന്നിവ കണ്ടെത്തിയ അധികൃതർ കുറ്റക്കാർക്കെതിരെ കർശന നടപടിയും സ്വീകരിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാത്ത വലകൾ ഉപയോഗിച്ചതിന് ഒരു മത്സ്യത്തൊഴിലാളിയെ പിടികൂടുകയും, സംരക്ഷിത മേഖലകളിൽ പവിഴപ്പുറ്റുകളിൽ വലകൾ ഉപയോഗിച്ചതായി അധികൃതർ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റ് പുതിയ അൽ വക്ര തുറമുഖത്ത് വിപുലമായ പരിശോധന കാമ്പെയ്ൻ നടത്തിയിരുന്നു, ബോട്ടുകളും കപ്പലുകളും രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനും,സുരക്ഷിതമായ മത്സ്യബന്ധന രീതികളും ജൈവവൈവിധ്യവും പവിഴപ്പുറ്റുകളും സംരക്ഷിക്കുന്ന ഉപകരണങ്ങളും ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്താൻ വേണ്ടി കാമ്പെയ്ൻ നടത്തിയിരുന്നത് .ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ് ഗാർഡ്, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഫിഷറീസ് വെൽത്ത് ഡിപ്പാർട്ട്മെൻ്റ്, ഗതാഗത മന്ത്രാലയം, ഖത്തർ ടൂറിസം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ നടത്തിയത്.