പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ നടത്തുന്ന മുന്നേറ്റത്തിന് അന്താരാഷ്‌ട്ര അംഗീകാരം ലഭിച്ചു. വൈദ്യശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകുന്ന ഓർഗനൈസേഷനായ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ കൊളിഷൻ (PMC) അവരുടെ 2024 മെയ്/ജൂൺ ലക്കത്തിൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ മുന്നോട്ടു കൊണ്ടുപോകാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ എടുത്തു കാണിക്കുകയും പ്രശംസിക്കുകയും ചെയ്തു.
സാമ്പത്തിക വികസനം ശക്തിപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പേഴ്‌സണലൈസ്‌ഡ് മെഡിസിൻ തങ്ങളുടെ ദേശീയ ആരോഗ്യ സംരക്ഷണ തന്ത്രത്തിലേക്ക് കൂട്ടിച്ചേർക്കാൻ ഖത്തർ നേരത്തെ തന്നെ വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്.
അടുത്തിടെ പിഎംസിക്ക് നൽകിയ ഒരു ബ്രീഫിംഗിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഉദ്യോഗസ്ഥർ ഖത്തറിന്റെ നാഷണൽ വിഷൻ 2030ൽ പേഴ്‌സണലൈസ്‌ഡ് മെഡിസിൻ്റെ നിർണായക പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നു . പിഎംസി പേഴ്‌സണലൈസ്‌ഡ് മെഡിസിൻ പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി വാദിക്കുന്ന സംഘടനയാണ്.
നാഷണൽ വിഷൻ 2030 ആരംഭിച്ചതുമുതൽ, പേഴ്‌സണലൈസ്‌ഡ് മെഡിസിനിൽ ഖത്തർ ശക്തമായ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സ്പെഷ്യലൈസ്‌ഡ് ഹെൽത്ത് കെയർ സേവനങ്ങൾ രാജ്യത്തു നൽകുന്ന പ്രധാന കേന്ദ്രമായ എച്ച്എംസിയിൽ ഈ വർഷം സെൻ്റർ ഫോർ ക്ലിനിക്കൽ പ്രിസിഷൻ മെഡിസിൻ ആൻഡ് ജീനോമിക്‌സ് ഇതിന്റെ ഭാഗമായി സ്ഥാപിക്കുകയും ചെയ്തു.
ഈ കേന്ദ്രം ഖത്തറിൻ്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലെ നിർണായകകേന്ദ്രമായി മാറും. വ്യക്തികളുടെ ജൈവികമായ സവിശേഷതകൾ മനസിലാക്കിയതിനു ശേഷം ചികിത്സ നൽകുന്ന രീതിയാണ് പേഴ്‌സണലൈസ്‌ഡ് മെഡിസിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.