ദോഹ: ഖത്തറിൽ വിവിധ ജയിലുകളിൽ 588 ഇന്ത്യൻ പൗരന്മാർ വിവിധ കേസുകളിലായി ശിക്ഷ അനുഭവിക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയെ അറിയിച്ചു. വിവിധ രാജ്യങ്ങളിലായി 9728 ഇന്ത്യക്കാരാണ് ജയിലുകളിൽ കഴിയുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഗൾഫിൽ യു.എ.ഇയിൽ 2308 പേരും സൗദി അറേബ്യയിൽ 2594 ഇന്ത്യൻ പൗരമ്മാരും തടവിൽ കഴിയുന്നു. നേപ്പാളിൽ 1282, കുവൈത്തിൽ 386, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ എട്ട് എന്നിങ്ങനെയാണ് തടവുകാരുടെ ആകെ കണക്കുകൾ . നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാർ ഉള്ളതിനാൽ ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാവും. ഇവർ ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിൽ അനുഭവിച്ചാൽ മതിയെന്നും മന്ത്രിയുടെ മറുപടിയിൽ പറഞ്ഞു.