ദോഹ: കഴിഞ്ഞ ഒരു വർഷത്തിനിടെ 647 ഇന്ത്യക്കാർ വിവിധ ഗൾഫ് രാജ്യങ്ങളിലായി അപകടങ്ങളിൽ മരിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയെ അറിയിച്ചു. ബിഹാറിൽനിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സൗദി അറേബ്യയിൽആണ് .2023-24 കാലയളവിൽ 299 പേരാണ് ഇവിടെ മരിച്ചത്. യു.എ.ഇ 107, ബഹ്റൈൻ 24, കുവൈത്ത് 91, ഒമാൻ 83, ഖത്തർ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണനിരക്കുകൾ .
ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരണം സംഭവിച്ചു . സ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യം തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും മുന്നിലുള്ളത് 2388 പേരുമായി സൗദി അറേബ്യ തന്നെയാണ്. രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്. 2023 പേരാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയിൽ സ്വാഭാവിക മരണം സംഭവിച്ചത് . ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ പൂർണമായ കണക്കുകൾ.
തൊഴിലിടങ്ങളിലെ അപകടങ്ങൾ താരതമ്യേന കുറവാണെങ്കിലും വാഹന അപകട മരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽനിന്നും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. . അതേസമയം, ഈ വർഷം ജൂണിൽ കുവൈത്തിലുണ്ടായ തീപിടിത്തം സമീപകാലങ്ങളിൽ ഗൾഫ് രാജ്യത്തുണ്ടായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആൾനാശമായികണക്കാക്കുന്നു . എന്നാൽ, ഹൃദയാഘാതം ഉൾപ്പെടെ സ്വാഭാവിക മരണങ്ങളുടെ എണ്ണം വർധിക്കുന്നതും പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.